National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇതേതുടർന്ന് നഗരത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തീവ്രവാദികൾ ഡൽഹിയിലെ തിരക്കേറിയതും അതീവ സുരക്ഷ പ്രദേശങ്ങളെ ലക്ഷ്യമിടാമെന്ന വിവരത്തെതുടർന്ന് സുരക്ഷ ശക്തമാക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകി.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുടനീളം പരിശോധനയും നിരീക്ഷണവും കർശനമാക്കി. ഡൽഹി ബിജെപി സംസ്ഥാന ഓഫീസിനും ബിജെപി ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷ കർശനമാക്കി.
പ്രധാന സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയും ആക്രമണത്തിന് സാധ്യതയുള്ളതായി അറിയിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന പാകിസ്ഥാൻ ഗുണ്ടാസംഘ-ഭീകര പ്രവർത്തകൻ ഷഹസാദ് ഭട്ടിയുമായി ബന്ധപ്പെട്ട ഒരു മൊഡ്യൂൾ ഡൽഹി പോലീസ് സ്പെഷൽ സെൽ പിടിച്ചെടുത്തതിന് ആഴ്ചകൾക്ക് ശേഷമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് വന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
National
ശ്രീനഗർ: 2025 ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്വരയിലുണ്ടായ ഭീകരാക്രമണം നടന്നിട്ട് നാളെ ഒരു വർഷം തികയുന്നു. 26 പേരുടെ ജീവൻ കവർന്ന ആ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നേവി ഓഫീസർ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിന്റെ ചിത്രം അന്ന് രാജ്യത്തിന്റെയാകെ വേദനയായി മാറിയിരുന്നു.
ഏപ്രിൽ 16-നായിരുന്നു വിനയ് നർവാളിന്റെയും ഹിമാൻഷിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാം ദിവസം ഹണിമൂണിനായി പഹൽഗാമിലെത്തിയപ്പോഴാണ് ഭീകരരുടെ വെടിയേറ്റ് വിനയ് കൊല്ലപ്പെട്ടത്. തന്റെ പ്രിയതമനെ നഷ്ടപ്പെട്ടിട്ടും മുസ്ലിംങ്ങൾക്കെതിരെയോ കാഷ്മീരികൾക്കെതിരെയോ വെറുപ്പ് പ്രചരിപ്പിക്കരുതെന്ന ഹിമാൻഷിയുടെ സമാധാന സന്ദേശം വലിയ ചർച്ചയായിരുന്നു. ഈ നിലപാടിന്റെ പേരിൽ അവർ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും ഇരയായി.
ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം അതിർത്തിക്കപ്പുറം നടത്തിയ പ്രത്യാക്രമണമാണ് 'ഓപ്പറേഷൻ സിന്ദൂർ'. ഭീകരത അവസാനിപ്പിക്കാനുള്ള ഈ നീക്കത്തെ ഹിമാൻഷി സ്വാഗതം ചെയ്തിരുന്നു. 26 പേരുടെ ജീവൻ കവർന്ന ആക്രമണത്തിന് സൈന്യം തിരിച്ചടി നൽകിയെങ്കിലും, മരിച്ചവരുടെ ആശ്രിതർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായവും ആശ്രിത നിയമനവും പലർക്കും ലഭിച്ചിട്ടില്ല. സർക്കാർ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണെന്ന് ഇരകളുടെ മക്കളും ഭാര്യമാരും പരാതിപ്പെടുന്നു. അതേസമയം, ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ രാജ്യം വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
National
ശ്രീനഗർ: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകാഷ്മീരിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി.
ആക്രമണ-അട്ടിമറി സാധ്യതകൾ കണക്കിലെടുത്ത് എല്ലാ സുരക്ഷാസേന വിഭാഗങ്ങളോടും അതീവ ജാഗ്രത പുലർത്താൻ നിർദേശം നൽകി. 2025 ഏപ്രിൽ 22ന് കാഷ്മീരിലെ അനന്തനാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിലാണ് ഭീകരരാക്രമണം ഉണ്ടായത്.
26 പേർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. കൊല്ലപ്പെട്ടവരിൽ 25 പേർ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളായിരുന്നു. ഒരാൾ പ്രദേശവാസിയും. പഹൽഗാം ഭീകരാക്രമണം കാഷ്മീരിലെ വിനോദസഞ്ചാര മേഖലയെ പൂർണമായി തകർത്തിരുന്നു.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപക നേതാവ് ആമിർ ഹംസയ്ക്ക് അജ്ഞാതന്റെ വെടിയേറ്റു. ആമിർ ഹംസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. ലാഹോറിൽ വച്ചാണ് സംഭവം.
ലാഹോറിലെ ഒരു വാർത്താ ചാനലിന്റെ ഓഫീസിന് പുറത്ത് വച്ച് അജ്ഞാതരായ ആളുകൾ ആമിർ ഹംസയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഒരു വർഷത്തിനുള്ളിൽ ആമിർ ഹംസയ്ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം മേയിൽ വസതിക്ക് മുന്നിൽവച്ച് അജ്ഞാതരായ ആളുകൾ ആമിർ ഹംസയെ വെടിവച്ചിരുന്നു. ഗുരുതര പരിക്കേറ്റ ആമിർ ഹംസ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇതിനു പിന്നാലെ ഇയാളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
1959 മേയ് 10 ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയിൽ ജനിച്ച ആമിർ ഹംസ, 1985-86 കാലത്താണ് ഹാഫിസ് സയീദിനൊപ്പം ലഷ്കർ-ഇ-തൊയ്ബ സ്ഥാപിച്ചത്. ലഷ്കറിന്റെ വക്താവ് കൂടിയായ ഹംസ അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. ‘ഖാഫില ദഅ്വത് ഔർ ഷഹാദത്ത്’ ഉൾപ്പെടെ നിരവധി പുസ്തകങ്ങളും ഹംസ എഴുതിയിട്ടുണ്ട്. അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തി കൂടിയാണ് ഹംസ.
National
ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ഭീകരാക്രമണശ്രമം തകര്‍ത്തതായി പോലീസ്. ചഹര്‍ ടോള്‍ പ്ലാസയ്ക്കു സമീപം ഗ്രനേഡുമായി രണ്ടുപേരെ അറസ്റ്റ്ചെയ്തതോടെയാണിത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രഹസ്യവിവരത്തെത്തുടര്‍ന്ന് ടോള്‍പ്ലാസയില്‍ പരിശോധന നടത്തുന്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
International
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൽ. ജയ്ഷെ മുഹമ്മദിലെ കമാൻഡറായിരുന്ന ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുമ്പാണ് ഇവർ സംഘടനയിൽ ചേർന്നത്. 2019 ൽ ജമ്മു കശ്മീരിലെ ഡാച്ചിഗാം നാഷനൽ പാർക്കിൽ നടന്ന ഏറ്റുമുട്ടലിലാണ് ഉമർ ഫാറൂഖ് കൊല്ലപ്പെട്ടത്.
2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. ജമാത്തുൾ മൊമിനാത്തിന്റെ പ്രധാന മുഖമായ അഫീറ ബീബി ഇപ്പോൾ വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതിയിൽ) അംഗം കൂടിയാണ്. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്തുണ്ട്.
കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് സാദിയയുടെ ഭർത്താവ് ഭീകരൻ യൂസഫ് അസ്ഹർ. ഇയാൾ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള അസ്ഹറിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സാദിയയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്നത് അഫീറ ബീബിയും.
ഒക്ടോബർ എട്ടിനാണ് മസൂദ് അസർ ജയ്ഷെയുടെ വനിതാ ബ്രിഗേഡ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചത്. സ്ത്രീകളെ ഉപയോഗിച്ച് തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്താനും ചാവേർ ആക്രമണങ്ങൾക്ക് അവരെ സജ്ജമാക്കാനുമാണ് വനിതാ ബ്രിഗേഡിലൂടെ ജയ്ഷെ ശ്രമിക്കുന്നത്.
National
ശ്രീനഗർ: ശ്രീനഗറിൽ ജമ്മു കശ്മീർ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ. നഗരത്തിലെ ദാൽഗേറ്റ് പ്രദേശത്തെ മംത ചൗക്കിന് സമീപം പതിവ് പരിശോധനയ്ക്കിടെയാണ് റജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത ബൈക്കിൽ വന്നിരുന്ന മൂന്ന് പേരെ പോലീസ് തടഞ്ഞുവച്ച് പരിശോധിച്ചത്.
ശ്രീനഗറിലെ കൂലിപോര ഖന്യാർ പ്രദേശത്തെ താമസക്കാരായ ഷാ മുത്തായിബ്, കമ്രാൻ ഹസൻ ഷാ, ഖന്യാറിലെ കാവ മൊഹല്ലയിൽ താമസിക്കുന്ന ഉത്തർപ്രദേശ് മീററ്റ് നിവാസിയായ മുഹമ്മദ് നദീം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കണ്ടെടുത്ത ആയുധവും വെടിക്കോപ്പുകളും ഉപയോഗിച്ച് പ്രതികൾ പ്രദേശത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചനയുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉടൻ കുറ്റപത്രം സമർപ്പിക്കും.
പാക് ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബ (എൽഇടി), ആക്രമണം നടത്തിയ മൂന്ന് പാക് ഭീകരർക്കു സഹായം ചെയ്ത രണ്ട് പ്രദേശവാസികൾ എന്നിവരെ പ്രതിചേർത്താണ് എൻഐഎയുടെ കുറ്റപത്രമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കേസിലെ വിചാരണനടപടികൾക്കായി അഭിഭാഷകനായ ശ്രീസിംഗിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ അന്വേഷണം നടത്തുന്ന എൻഐഎയ്ക്ക് അന്വേഷണം പൂർത്തിയാക്കാൻ ജമ്മു കോടതി സെപ്റ്റംബർ 18ന് നൽകിയ 45 ദിവസത്തെ അധികസമയം ഈയാഴ്ച അവസാനിക്കാനിരിക്കെയാണു കേസിലെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണമുണ്ടായി രണ്ടുമാസത്തിനുശേഷം ഭീകരവാദികൾക്ക് അഭയം നൽകിയ പഹൽഗാം പ്രദേശവാസികളായ ബഷീർ അഹമ്മദ് ജോത്തർ, പർവേസ് അഹമ്മദ് ജോത്തർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജുഡീഷൽ റിമാൻഡ് നീട്ടിനൽകുന്നതിലും അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതിലും ആവശ്യമുന്നയിക്കുമോ എന്നതിൽ എൻഐഎ പ്രതികരിച്ചിട്ടില്ല. എങ്കിലും അന്വേഷണം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇവരെ രണ്ടുപേരെയും ജമ്മുവിലെ ഒരു ജയിലിൽ ചോദ്യം ചെയ്തുവെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്.
ആക്രമണത്തിനു കാരണക്കാരായ ഭീകരവാദികളായ സുലൈമാൻ ഷാ, ഹംസ അഫ്ഗാനി, ജിബ്രാൻ എന്നിവരെ ജൂലൈ 28ന് സുരക്ഷാസേന വധിച്ചിരുന്നു. ഇതിന്റെ പിറ്റേന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഭീകരവാദികൾ പാക്കിസ്ഥാനിൽനിന്നുള്ളവരാണെന്നും ലഷ്കർ ഇ തൊയ്ബയുടെ അംഗങ്ങളായിരുന്നുവെന്നും പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
NRI
മ്യൂണിക്: ജർമനിയിൽ ദേവാലയ ശുശ്രൂഷിക്ക് കഴിഞ്ഞ ദിവസം മതതീവ്രവാദിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മയിൻസ് രൂപതയിൽപ്പെട്ട റോസ്ഗാവ് പള്ളിയിലെ ശുശ്രൂഷിക്കുനേരേയാണ് ആക്രമണമുണ്ടായത് പള്ളിമുറ്റത്തുനിന്ന് അത്യുച്ചത്തിലുള്ള പാട്ടു കേട്ട് പുറത്തിറങ്ങിയ ശുശ്രൂഷിയെ സിറിയക്കാരനായ 33 വയസുള്ള അക്രമി മുഷ്ടി ചുരുട്ടി ഇടിക്കുകയായിരുന്നു.
തുടർന്നു ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കുരിശുരൂപം ഇളക്കിയെടുത്ത് അത് ഒടിയുന്നതുവരെ ശുശ്രൂഷിയെ മർദിച്ചു. മതമുദ്രാവാക്യങ്ങൾ വിളിച്ചതിനൊപ്പം, “ഇയാളെ കൊല്ലാൻ എന്നെ സഹായിക്കൂ” എന്നും അക്രമി വിളിച്ചുകൂവി. ഓടിക്കൂടിയ ആളുകൾ അക്രമിയെ പോലീസിൽ ഏൽപ്പിച്ചു.
ഇതേദിവസംതന്നെ ബവേറിയ സംസ്ഥാനത്തെ ഗർമിഷ്-പാർട്ടെൻകീർഹെനിലെ സെന്റ് മാർട്ടിൻ ഇടവകപ്പള്ളി തീവച്ചു നശിപ്പിക്കാനും ശ്രമമുണ്ടായി. അൾത്താരവിരിക്കു തീകൊളുത്തിയ അക്രമിയെ പള്ളിയിൽ പ്രാർഥിക്കാനെത്തിയ ഒരു അച്ഛനും മകനുമാണ് പിടിച്ചുനിർത്തിയത്.
പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും തീ പടരുന്നത് തടയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 28കാരനായ അക്രമി രണ്ടു വനിതാപോലീസുകാരുൾപ്പെടെ മൂന്നുപേരെ മർദിച്ച് അവശരാക്കി. ഇവർ ചികിത്സയിലാണ്.
1730ൽ പണിതീർത്ത സെന്റ് മാർട്ടിൻ പള്ളിയിൽ വിഖ്യാതമായ ചുമർചിത്രങ്ങളും ശില്പങ്ങളുമുണ്ട്. പള്ളിയുടെ മച്ചിലെ ചിത്രങ്ങളും പള്ളിയിലെ പിയാനോയും അതിപ്രശസ്തമാണ്. അനേകം ടൂറിസ്റ്റുകൾ എത്തുന്ന ഈ പള്ളി തെക്കൻ ജർമനിയിലെ പ്രധാന ആകർഷണകേന്ദ്രമാണ്.
ബാഡൻ-വ്യുർട്ടംബർഗ് സംസ്ഥാനത്തെ ലാംഗെനാവ് പള്ളിയിൽ ആരാധനയ്ക്കെത്തുന്ന വിശ്വാസികൾ അനേകം മാസങ്ങളായി ചീത്തവിളികൾക്കും ശാരീരികാക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സെന്റ് മാർട്ടിൻ പ്രൊട്ടസ്റ്റന്റ് പള്ളിയുടെ ഭിത്തികൾ മുഴുവൻ യഹൂദവിരുദ്ധ ഗ്രഫീത്തികൾകൊണ്ടു വികൃതമാക്കിയിരിക്കുന്നു. ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തെ പള്ളിപ്രസംഗത്തിൽ വികാരി റാൽഫ് സെഡ് ലാക്ക് അപലപിച്ചതാണു കാരണം.
പള്ളിയിൽ വന്ന ഒരു 84കാരനെ ഒരു അക്രമി തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിക്കുകയുണ്ടായി. മറ്റനേകം പേർക്കും പരിക്കേറ്റു. മൂന്ന് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തു. അസഭ്യവർഷം കാരണം പള്ളിയിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതായി വികാരി പറഞ്ഞു.
ഹമാസ് നടത്തിയ കൂട്ടക്കൊലയും മാനഭംഗങ്ങളും തട്ടിക്കൊണ്ടുപോകലുംപോലും ശരിവയ്ക്കുന്നവർ ജർമൻ ജനാധിപത്യമൂല്യങ്ങളുടെ ശത്രുക്കളാണെന്ന് ബിഷപ് ഏണസ്റ്റ് വില്യം ഗോൾ പ്രതികരിച്ചു.